കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജയിൽ മേധാവി ഡി.ജി.പി. എസ്. ശ്രീജിത്ത്. ആഡംബര ഭക്ഷണം എന്നതിനേക്കാൾ, തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഭക്ഷണം നൽകാനാണ് തീരുമാനം. ജയിൽ സുരക്ഷയ്ക്കായി എ.ഐ. പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്ആഡംബര ഭക്ഷണം നൽകുന്നതിനേക്കാൾ, ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഭക്ഷണക്രമം നടപ്പാക്കാനാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ ജയിലിലെ 869 തടവുകാരിൽ 265 പേർ മാനസിക രോഗങ്ങൾക്കും 15 പേർ എച്ച്.ഐ.വി. ബാധയ്ക്കും 18 പേർ ടി.ബി. തുടങ്ങിയ അസുഖങ്ങൾക്കും ചികിത്സ തേടുന്നവരാണ്. 88 പേർ നിത്യവും മരുന്ന് കഴിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്നവരാണ്. ഇവർക്ക് ഡോക്ടർമാർ നിർദേശിക്കുന്ന പോഷകാഹാരം നൽകുന്നതുവഴി സർക്കാരിന്റെ ചികിത്സാ ചെലവ് കുറയ്ക്കാൻ സാധിക്കും. മട്ടൺപോലുള്ള റെഡ് മീറ്റുകൾ ആരോഗ്യപ്രശ്നങ്ങൾക്കും ദുർമേദസിനും കാരണമാകുന്നതിനാലും വില കൂടുതലായതിനാലും അവ ഒഴിവാക്കി, ശരീരത്തിന് ദോഷംവരാത്തതും സാമ്പത്തികമായി ലാഭകരവുമായ ഭക്ഷണരീതികൾ നടപ്പിലാക്കാനാണ് ശ്രമമെന്നും ഡി.ജി.പി. പറഞ്ഞു.