ദോഹ: ലോകത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങൾക്കും തുടർച്ചയായി മൂന്നാം വർഷവും ഖത്തർ ആതിഥേയത്വം വഹിക്കും. ഡിസംബർ 9, 12, 16 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക.
ഡിസംബർ 9-ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ഡെർബി ഓഫ് ദി അമേരിക്കാസ് മത്സരത്തിൽ കോപാ ലിബർട്ടഡോറസ് ജേതാക്കളും മെക്സിക്കൻ ക്ലബ്ബായ ടൊലുക്ക എഫ്.സിയും ഏറ്റുമുട്ടും.
ഡിസംബർ 12-ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ചാലഞ്ചർ കപ്പിൽ ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമെലോഡി സൺഡൗൺസ് എഫ്.സിയും ആദ്യ മത്സരത്തിലെ വിജയികളും ഏറ്റുമുട്ടും.
ഡിസംബർ 16-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ൻ (PSG) ചാലഞ്ചർ കപ്പ് വിജയികളെ നേരിടും.
നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പ് കൂടി ചേരുന്നതോടെ രാജ്യത്ത് ഫുട്ബോൾ ആവേശം കൊടുമുടിയിലെത്തും.
