*ഒമാനിൽനിന്ന് പ്രവാസികൾ അയച്ചത് 3.65 ബില്യൺ റിയാൽ** രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 8.7 ശതമാനത്തിന് തുല്യമാണ് പ്രവാസികള് അയച്ചതുക* ജി സി സിയുടെ മൊത്തം പ്രവാസി പണമയയ്ക്കലിൽ ഒമാന്റെ വിഹിതം ആറ് ശതമാനത്തിൽ താഴെ🇴🇲മസ്കത്ത് | ഒമാനിൽനിന്ന് പ്രവാസി തൊഴിലാളികൾ 2025ൽ വിദേശത്തേക്ക് അയച്ച പണത്തിന്റെ മൂല്യം ഏകദേശം 9.5 ബില്യൺ ഡോളർ (ഏകദേശം 3.65 ബില്യൺ റിയാൽ). രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി ഡി പി) 8.7 ശതമാനത്തിന് തുല്യമാണ് ഈ തുക. അതേസമയം, ആറ് ജി സി സി രാജ്യങ്ങളിൽനിന്നുള്ള പ്രവാസി പണമയയ്ക്കൽ 2025ൽ റെക്കോർഡ് 161 ബില്യൺ ഡോളറിലെത്തി.ജി സി സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി സി സി- സ്റ്റാറ്റ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒമാനിൽനിന്നുള്ള പ്രവാസി പണമയയ്ക്കൽ 2025ൽ മുൻവർഷത്തേക്കാൾ 2.7 ശതമാനം വർധിച്ചു. എന്നാൽ ആറ് ജി സി സി രാജ്യങ്ങളിലാകെ രേഖപ്പെടുത്തിയ വളർച്ച 13.6 ശതമാനമാണ്. നിർമ്മാണം, സേവനം, വ്യവസായം ഉൾപ്പെടെയുള്ള എണ്ണയിതര മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസി തൊഴിലാളികളുടെ പങ്കും പണമൊഴുക്കും തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.ജി സി സിയുടെ മൊത്തം പ്രവാസി പണമയയ്ക്കലിൽ ഒമാന്റെ വിഹിതം ആറ് ശതമാനത്തിൽ താഴെയാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശ്രദ്ധേയമാണ്. ജി സി സിയിൽ ശരാശരി 6.6 ശതമാനമായിരുന്നപ്പോൾ ഒമാനിൽ ജി ഡി പിയുടെ 8.7 ശതമാനമാണ് പ്രവാസി പണമയയ്ക്കൽ. കുവൈത്ത് 10.6 ശതമാനവുമായി ഒന്നാമതും യു എ ഇ 10.1 ശതമാനവുമായി രണ്ടാമതുമാണ്.മേഖലയിൽ ഏറ്റവും കൂടുതൽ പണം വിദേശത്തേക്ക് അയച്ചത് യു എ ഇയാണ്- 62.1 ബില്യൺ ഡോളർ. ഏകദേശം 58 ബില്യൺ ഡോളറുമായി സഊദി അറേബ്യയാണ് തൊട്ടുപിന്നിൽ. ഇരു രാജ്യങ്ങളും ചേർന്ന് ജി സി സിയുടെ മൊത്തം പ്രവാസി പണമയയ്ക്കലിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗം വരും. സഊദിയിൽ 26.9 ശതമാനവും കുവൈത്തിൽ 18.2 ശതമാനവും യു എ ഇയിൽ 6.3 ശതമാനവും ഖത്വറിൽ 4.7 ശതമാനവും വളർച്ച രേഖപ്പെടുത്തി. ബഹ്റൈനിൽ മാത്രമാണ് ഇടിവുണ്ടായത്.2024നെ അപേക്ഷിച്ച് 2025ൽ ജി സി സിയിൽനിന്നുള്ള പ്രവാസി പണമയയ്ക്കൽ ഏകദേശം 19 ബില്യൺ ഡോളർ വർധിച്ചു. 2023ലെ ഇടിവിന് ശേഷം തുടർച്ചയായ രണ്ടാം വർഷമാണ് മേഖലയിൽ പണമൊഴുക്ക് ഉയരുന്നത്. അടിസ്ഥാന സൗകര്യ വികസനം, സേവനം, വ്യവസായം, എണ്ണയിതര മേഖലകൾ എന്നിവയിലെ വളർച്ചയും പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും വർധിച്ചതാണ് പണമയയ്ക്കൽ ഉയരാൻ പ്രധാന കാരണങ്ങളെന്ന് ജി സി സി- സ്റ്റാറ്റ് വ്യക്തമാക്കി.ആറ് ജിസിസി രാജ്യങ്ങളും ചേർന്നുള്ള 161 ബില്യൺ ഡോളറിന്റെ പ്രവാസി പണമയയ്ക്കൽ 2025ൽ ലോകത്തിലെ ഏറ്റവും ഉയർന്ന രാജ്യാന്തര ഔട്ട്വേഡ് റിമിറ്റൻസ് തുകയാണ്. താരതമ്യത്തിന് യു എസിൽ നിന്ന് 107 ബില്യൺ ഡോളറും സ്വിറ്റ്സർലൻഡിൽനിന്ന് 43 ബില്യൺ ഡോളറും ജർമനിയിൽനിന്ന് 27 ബില്യൺ ഡോളറും ഫ്രാൻസിൽനിന്ന് 21 ബില്യൺ ഡോളറുമാണ് വിദേശത്തേക്ക് അയച്ചത്. ഇവിടെ ജിസിസിയിലെ ആറ് രാജ്യങ്ങളുടെ സംയുക്ത കണക്കാണ് മറ്റ് രാജ്യങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.ഒമാനിൽ പ്രവാസി പണമയയ്ക്കലിന്റെ ജി ഡി പിയിലുള്ള അനുപാതം ദീർഘകാലാടിസ്ഥാനത്തിൽ നേരിയ തോതിൽ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ 9.5 ശതമാനമായിരുന്ന അനുപാതം 2025ൽ 8.7 ശതമാനമായി കുറഞ്ഞു. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ ഘടനയിലും സാമ്പത്തിക പ്രവർത്തനങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രധാന സൂചികകളിലൊന്നാണ് പ്രവാസി പണമൊഴുക്ക്.