ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി പുതിയ യാത്രാ മാർഗനിർദേശങ്ങൾദോഹ | വേനലവധി അവസാനിച്ചതോടെ വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും എണ്ണം വർധിച്ചതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി പുതിയ യാത്രാ മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കി.കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കായി വിമാനത്താവള ടെർമിനലിൽ വിവിധ ഭാഗങ്ങളിൽ സൗജന്യ സ്ട്രോളർ സേവനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഡി, ഇ കോൺകോഴ്സുകളിലെ നിശ്ചിത സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് കോംപ്ലിമെന്ററി ഷട്ടിൽ ബഗ്ഗി സേവനവും ലഭ്യമാകും.ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി അർഹരായ യാത്രക്കാർക്ക് ഇ-ഗേറ്റുകൾക്കൊപ്പം ‘സ്കാൻ ആൻഡ് ഗോ’ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ സേവനം ഉപയോഗിക്കുന്ന കുട്ടികൾക്ക് കുറഞ്ഞത് 120 സെന്റിമീറ്റർ ഉയരമെങ്കിലും ഉണ്ടായിരിക്കണം.യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവർ കാർ പാർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അറൈവൽ ഹാളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും സാധിക്കുമെന്ന് വിമാനത്താവളം വ്യക്തമാക്കി.ഉബേർ, ബദ്ര്‍ഗോ, റൈഡ് തുടങ്ങിയ റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളുടെ പിക്കപ്പ് പോയിന്റുകൾ കാർ പാർക്കിംഗിന്റെ ഗ്രൗണ്ട് ഫ്ലോറിൽ കാർ റെന്റൽ കൗണ്ടറുകൾക്ക് സമീപമായാണ് ക്രമീകരിച്ചിരിക്കുന്നത്.അംഗീകൃത ടാക്സി, ബസ് സർവീസുകൾ എന്നിവ അറൈവൽ ഹാളിന് സമീപമുള്ള നിശ്ചിത പവിലിയനുകളിൽ ലഭ്യമാണ്. കൂടാതെ ദോഹ മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് നേരിട്ട് എത്തിച്ചേരുന്നതിനായി ഇൻഡോർ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.ലഗേജ് ശേഖരിക്കുന്നതിന് മുമ്പ് ഫ്ലൈറ്റ് വിവരങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ബെൽറ്റുകളിൽ നിന്ന് മാത്രം ബാഗേജുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. ലഗേജ് സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി അറൈവൽ ഹാളിൽ പ്രത്യേക ലഗേജ് സർവീസ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.