ഫിഫ അണ്ടർ-17 ലോകകപ്പിന് ഇനി 100 ദിവസം; ഖത്തർ വീണ്ടും ലോക ഫുട്ബോളിന്റെ വേദിയാകുംദോഹ: 2026 ഫിഫ അണ്ടർ-17 ലോകകപ്പിന് ഇനി 100 ദിവസങ്ങൾ മാത്രം. നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിലാണ് ലോകത്തിലെ മികച്ച യുവ ഫുട്ബോൾ ടീമുകൾ മാറ്റുരയ്ക്കുന്നത്. 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ 21-ാം പതിപ്പാണിത്.12 ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതമാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറും. തുടർന്ന് നോക്കൗട്ട് ഘട്ടത്തിലൂടെയാണ് ചാമ്പ്യന്മാരെ നിർണയിക്കുക.ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിൽ പനാമ, ഈജിപ്ത്, ഗ്രീസ് ടീമുകൾക്കൊപ്പമാണ്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇത്തവണ യോഗ്യത നേടിയിട്ടില്ല. 2025ലെ ഖത്തർ പതിപ്പിൽ ഓസ്ട്രിയയെ തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്.ദോഹയിലെ ആസ്പയർ സോൺ സമുച്ചയത്തിലാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക. ഫൈനൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്. 48 ടീമുകളുടെ വിപുലമായ ഫോർമാറ്റിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ അണ്ടർ-17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.