ഉപയോഗശൂന്യമായ സാറ്റലൈറ്റ് ഡിഷുകൾ ഒമാനിൽ സുരക്ഷാ ഭീഷണിയാകുന്നുമഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് കയറാനും പൂപ്പലിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുന്നുമസ്‌കത്ത് | ഒമാനിൽ വീടുകളിലെ സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോഗം വർധിച്ചതോടെ ഉപയോഗശൂന്യമായിക്കിടക്കുന്ന സാറ്റലൈറ്റ് ഡിഷുകളും ആന്റിനകളും പൊതുസുരക്ഷയ്ക്കും കെട്ടിടങ്ങളുടെ ഘടനയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതായി റിപ്പോർട്ട്.മസ്‌കത്ത്, സലാല തുടങ്ങിയ മേഖലകളിൽ ഡിഷുകൾ സ്ഥാപിച്ചിരുന്ന ഭാഗങ്ങളിൽ മേൽക്കൂര ചോർച്ചയും വിള്ളലുകളും വർധിക്കുന്നതായി മസ്‌കത്ത് മുനിസിപ്പാലിറ്റിയിലെ ഫെസിലിറ്റീസ് എൻജിനീയർ അഹമ്മദ് അൽ ബലൂഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിഷുകൾ നീക്കം ചെയ്യാതെ തുടരുന്നത് മഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് കയറാനും പൂപ്പലിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുന്നുണ്ട്.ശക്തമായ കാറ്റിൽ ഡിഷുകൾ വീഴുന്നതും ആശങ്കശക്തമായ കാറ്റിൽ ഡിഷുകളും ബ്രാക്കറ്റുകളും കെട്ടിടങ്ങളിൽനിന്ന് ഇളകിവീഴുന്നതാണ് പ്രധാന സുരക്ഷാ ആശങ്ക. ബൗഷർ, റൂവി, അൽ ഗുബ്ര മേഖലകളിൽ ഇത്തരത്തിലുള്ള 18 സംഭവങ്ങൾ മസ്‌കത്ത് മുനിസിപ്പാലിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രണ്ട് കാറുകൾക്ക് കേടുപാടുകളും ഒരാൾക്ക് ചെറിയ പരിക്കുകളും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.മത്ര, ഹംരിയ തുടങ്ങിയ ജനസാന്ദ്ര മേഖലകളിൽ അഗ്‌നിരക്ഷാ പ്രവർത്തനങ്ങൾക്ക് മേൽക്കൂരകൾ ഉപയോഗിക്കേണ്ടിവരുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട ഡിഷുകൾ, തുരുമ്പിച്ച തൂണുകൾ, കുഴഞ്ഞുകിടക്കുന്ന കേബിളുകൾ എന്നിവ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ചൂണ്ടിക്കാട്ടുന്നു.കൊതുകുകളുടെ പ്രജനന കേന്ദ്രമാകാനും സാധ്യതഅലുമിനിയം, സ്റ്റീൽ, അൾട്രാവയലറ്റ് പ്രതിരോധമുള്ള പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് ഭൂരിഭാഗം സാറ്റലൈറ്റ് ഡിഷുകളും നിർമിച്ചിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ഇവയിൽ പൊടിയും മഴവെള്ളവും പക്ഷികളുടെ വിസർജ്യവും അടിഞ്ഞുകൂടാം. മഴയ്ക്കുശേഷം കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറാനും സാധ്യതയുണ്ട്.സ്ക്രാപ്പ് ശേഖരിക്കുന്നവർ ലോഹത്തിനായി ഡിഷുകൾ മുറിച്ചുനീക്കുമ്പോൾ കൂർത്ത ലോഹഭാഗങ്ങളും ബോൾട്ടുകളും അവശേഷിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.ഡിഷുകളുടെ ഉത്തരവാദിത്തം ആര്‍ക്ക്?സബ്‌സ്‌ക്രിപ്ഷൻ അവസാനിച്ചാൽ ഡിഷിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവിനാണെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. എന്നാൽ ഡിഷ് സ്ഥാപിച്ചിരുന്ന വാടകക്കാർ അത് നീക്കം ചെയ്യണമെന്നാണ് കെട്ടിട ഉടമകളുടെ നിലപാട്. ഡിഷ് ഏത് കമ്പനിയാണ് സ്ഥാപിച്ചതെന്ന് പല വാടകക്കാർക്കും വ്യക്തമല്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.നീക്കം ചെയ്യാൻ വ്യക്തമായ സംവിധാനം വേണം2026ന്റെ തുടക്കത്തിൽ അൽ ഖുവൈർ, ഖുറം മേഖലകളിൽ മസ്‌കത്ത് മുനിസിപ്പാലിറ്റി നടത്തിയ സന്നദ്ധ ശേഖരണ പരിപാടിയിലൂടെ 900-ലധികം സാറ്റലൈറ്റ് ഡിഷുകൾ നീക്കം ചെയ്ത് പുനഃസംസ്‌കരിച്ചിരുന്നു.സേവനം അവസാനിപ്പിച്ച് 30 ദിവസത്തിനകം ഡിഷ് നീക്കം ചെയ്യണമെന്ന വ്യവസ്ഥ സേവനദാതാക്കളുടെ കരാറുകളിൽ ഉൾപ്പെടുത്തുന്നതിനായി കെട്ടിട നിർമാണ ചട്ടങ്ങൾ ഭവന, നഗരാസൂത്രണ മന്ത്രാലയം പരിശോധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.ഉപയോഗശൂന്യമായ ഡിഷുകൾ സ്വയം കേബിൾ മുറിച്ച് ഉപേക്ഷിക്കുന്നതിന് പകരം വിദഗ്ധ ടെക്‌നീഷ്യന്റെ സഹായത്തോടെ സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ഐടി വിദഗ്ധൻ താരിഖ് അൽ ബർവാനി നിർദേശിച്ചു.ഒരു ഡിഷ് നീക്കം ചെയ്യുന്നതിന് സാധാരണയായി 5 മുതൽ 15 ഒമാനി റിയാൽ വരെ ചെലവാകുമെന്നാണ് റിപ്പോർട്ട്. വെള്ളം കയറി കെട്ടിടത്തിനുണ്ടാകുന്ന അറ്റകുറ്റപ്പണി ചെലവിനെയും അപകടങ്ങളെത്തുടർന്നുണ്ടാകാവുന്ന നിയമബാധ്യതകളെയും അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ ചെലവാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഫൈബർ, 5ജി സേവനങ്ങൾ കൂടുതൽ വ്യാപിക്കുന്നതോടെ കൂടുതൽ സാറ്റലൈറ്റ് ഡിഷുകൾ ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്. ഇവ സുരക്ഷിതമായി നീക്കം ചെയ്യാനും പുനഃസംസ്‌കരിക്കാനും വ്യക്തമായ സംവിധാനം ഒരുക്കിയില്ലെങ്കിൽ പഴയ സാറ്റലൈറ്റ് ടെലിവിഷൻ സംവിധാനങ്ങളുടെ അവശിഷ്ടങ്ങൾ ഭാവിയിലും സുരക്ഷാ ഭീഷണിയായി തുടരുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *