Oplus_16908288

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വൻ ഇടിവ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർധിച്ചതും ഡോളർ മൂല്യം ഉയർന്നതുമാണ് ഇന്ന് സ്വർണത്തിന് തിരിച്ചടിയായത്.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വർണത്തിന് ഇന്ന് 4314 ഡോളറാണ് വില.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഹോർമുസിലും ചെങ്കടലിലും ജോർദാനിലുമെല്ലാം ആക്രമണം കടുത്തതോടെ ക്രൂഡ് ഓയില്‍ വില കത്തിക്കയറി. ഇന്നലെ ബാരലിന് നൂറ് ഡോളർ കടന്ന ബ്രൻ്റ് ക്രൂഡ് ഓയില്‍ വില ഇന്ന് 108 ഡോളറിലെത്തി. ഒറ്റയടിക്ക് 6 ശതമാനത്തിൻ്റെ വർധനവാണ് വിലയില്‍ ഉണ്ടായത്. യുഎസ് ക്രൂഡ് വില 104 ഡോളറായി. എണ്ണ വില വർധിച്ചത് ഡോളർ മൂല്യം ഉയർത്തിയതോടെ നിക്ഷേപർ സ്വർണത്തെ കൈവിട്ടു. ഇതോടെ ആഗോള വിപണിയില്‍ ഔണ്‍സ് സ്വർണത്തിന് ഇന്ന് 100 ഡോളർ ഇടിഞ്ഞു.

രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതോടെ കേരളത്തില്‍ ഇന്ന് പവന് 1920 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 240 രൂപയാണ് കുറഞ്ഞത്. 22 കാരറ്റിന് ഇതോടെ പവൻ വില 1,12,20 രൂപയായി. ഇന്നലെ 1,14,040 ആയിരുന്നു വില. 18 കാരറ്റിന് 195 രൂപയിടിഞ്ഞ് ഗ്രാമിന് 11515 രൂപയായി. പവൻ വില 92120 രൂപയാണ്. 14 കാരറ്റിന് ഗ്രാമിന് 8970 രൂപയാണ്. പവൻ വില 71,760 രൂപയും. ഇന്ന് ഏറ്റവും ആകർഷകം 9 കാരറ്റ് ആഭരണങ്ങളായിരിക്കും. വെറും 46,280 രൂപയ്ക്ക് ഇന്ന് ഒരു പവൻ സ്വർണം വാങ്ങാം. 5785 രൂപയാണ് ഗ്രാമിന് വില.

സ്വർണ വില ഇനിയും കൂപ്പുകുത്തും?

ഹോർമുസിന് പിന്നാലെ ചെങ്കടലിലും ആക്രമണം ഉണ്ടായതാണ് എണ്ണ വില കുതിക്കാൻ കാരണമായത്. ഹോർമുസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ വിതരണം നടക്കുന്നത് ചെങ്കടലിലൂടെയാണ്. അതേസമയം എണ്ണ വില ഉയർന്നതോടെ പണപ്പെരുപ്പ ഭീഷണി കൂടി. ഇതോടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫെഡറല്‍ റിസർവ് പണനയ യോഗത്തില്‍ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ശക്തമായി.

രണ്ടാഴ്ച മുൻപ് പലിശ ഉയർത്താനുള്ള സാഹചര്യം വെറും 50 ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 75 ശതമാനത്തിന് മുകളിലായെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പലിശ നിരക്ക് ഉയർത്തുന്നത് സ്വർണത്തിന് കനത്ത ആഘാതമാകും. നിരക്ക് കൂട്ടിയാല്‍ പലിശ ലഭിക്കുന്ന സർക്കാർ ബോണ്ടുകളിലേക്ക് നിക്ഷേപകർ തിരിയും. ഇതോടെ പലിശ നല്‍കാത്ത സ്വർണത്തെ ഉപേക്ഷിക്കും. സ്വാഭാവികമായി ഡിമാൻ്റ് ഇടിയുന്നതോടെ സ്വർണ വില കുത്തനെ താഴേക്ക് പോകാൻ കാരണമാകും.

സ്വർണം ഔണ്‍സിന് 4000 ഡോളർ വരെ ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ഥിതി രൂക്ഷമായാല്‍ ഒരുപക്ഷെ 3300 ഡോളറിന് താഴേക്ക് വരെ വില പോയേക്കുമെന്നുള്ള പ്രവചനങ്ങളും ഉണ്ട്. ഇത്തരത്തില്‍ വലിയൊരു ഇടിവ് സംഭവിച്ചാല്‍ കേരളത്തിലും സ്വർണ വില കുത്തനെ താഴേക്ക് പതിക്കും. ആഗോള വിപണിയില്‍ വില 4000 ഡോളറായാല്‍ കേരളത്തില്‍ 1.05 ലക്ഷത്തിലേക്ക് പവൻ വില ഇടിയും 3300 ഡോളറിലേക്ക് പോയാല്‍ 78000 രൂപയിലേക്ക് വരെ പവൻ വില കുറയും.

ഇങ്ങനെയൊക്കെ ആണെങ്കിലും ദീർഘകാലാടിസ്ഥാനത്തില്‍ സ്വർണം കുതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകള്‍ വിലയില്‍ വലിയ സ്വാധീനമുണ്ടാക്കും. ഈ വർഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിപണിയില്‍ സ്വർണ വില 4900 ഡോളർ തൊടാനുള്ള സാധ്യതയും ഇവർ പ്രവചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *