നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും വഴിവെക്കുന്ന പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
മസ്കത്ത്: ബിസിനസ് വരുമാനം മറച്ചുവെക്കുന്നതിനായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പായും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യമായും കണക്കാക്കപ്പെടുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
ബിസിനസ് ആവശ്യങ്ങൾക്കായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന പ്രവണതകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ബിസിനസിൽ നിന്നുള്ള വരുമാനം ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്താതെ വ്യക്തിഗത അക്കൗണ്ടുകളിലൂടെ കൈകാര്യം ചെയ്യുന്നത് നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും രാജ്യത്തെ നികുതി നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം പുറത്തിറക്കിയതെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു.
ബിസിനസുകാർ അവരുടെ വരുമാനം കൃത്യമായി പ്രഖ്യാപിക്കുകയും എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കുകയും ചെയ്യണമെന്ന് അതോറിറ്റി നിർദേശിച്ചു. നികുതി നിയമങ്ങൾ പാലിക്കുന്നതിലൂടെ നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അതോറിറ്റിയുടെ ഔദ്യോഗിക പരാതിനൽകൽ സംവിധാനങ്ങളിലൂടെ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.