(28 July 2026)
ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും പൊതുഫണ്ടിന് നഷ്ടം വരുത്തിയതിനും ഖത്തറിൽ സമഗ്ര അന്വേഷണത്തിന് അറ്റോർണി ജനറൽ ഉത്തരവിട്ടു. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം.സി) പേരിൽ വ്യാജമായി മെഡിക്കൽ ലീഫ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിച്ചു വരികയാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തിന് പുറത്തുള്ള ചില വ്യക്തികളുടെ സഹായത്തോടെ ഖത്തരി പൗരനായ മുഖ്യപ്രതി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളും വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ളവർക്ക് പണത്തിന്റെ പ്രതിഫലത്തോടെ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായും, അവ സർക്കാരിൽ സമപ്പിച്ച് അവധി നേടിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Oplus_131072