_ഖരീഫ് സീസൺ🍃_*സലാലയിലേക്ക് സലാം എയറിൽ പറന്നത് 1.8 ലക്ഷത്തിലധികം യാത്രക്കാർ*✨🧳✈️* ജൂൺ- ആഗസ്റ്റ് കാലയളവിൽ സലാം എയർ 1,042 സർവീസുകൾ നടത്തി 📍മസ്കത്ത് | ഈ വർഷത്തെ ഖരീഫ് സീസണിൽ ജൂൺ മുതൽ ആഗസ്റ്റ് വരെ സലാലയിലേക്ക് 1.80 ലക്ഷത്തിലധികം യാത്രക്കാരെ എത്തിച്ച് സലാം എയർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.ജൂൺ- ആഗസ്റ്റ് കാലയളവിൽ സലാം എയർ 1,042 സർവീസുകൾ നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന സർവീസുകളിൽ 19 ശതമാനം വർധനയാണിത്. 1.89 ലക്ഷത്തിലധികം സീറ്റുകളാണ് ഈ കാലയളവിൽ ലഭ്യമാക്കിയത്. സീറ്റ് ശേഷിയിൽ 10 ശതമാനം വർധനയുണ്ടായി.ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തിരക്കേറിയ ഖരീഫ് കാലത്ത് 84 അധിക സർവീസുകൾ കൂടി നടത്തി. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യവും സമയക്രമത്തിലെ തിരഞ്ഞെടുപ്പുകളും ലഭ്യമാക്കിയതായി സലാം എയർ അറിയിച്ചു. ഖരീഫ് സീസണിൽ സലാം എയർ വഴി യാത്ര ചെയ്തവരിൽ 80 ശതമാനവും ഒമാൻ സ്വദേശികളായിരുന്നു. ഒമാനികൾക്കായി 9.99 ഒമാൻ റിയാൽ നിരക്കിലുള്ള ടിക്കറ്റ്, പീക്ക് സമയങ്ങളിൽ മസ്കത്തിൽ നിന്ന് സലാലയിലേക്ക് പ്രതിദിനം 15 സർവീസുകൾ വരെ, പ്രത്യേക ബാഗേജ് ഓഫറുകൾ എന്നിവയും യാത്രക്കാരുടെ എണ്ണം ഉയരാൻ സഹായിച്ചു.സുഹാറിൽനിന്നും സലാലയിലേക്കുള്ള സർവീസുകളും സലാം എയർ ശക്തിപ്പെടുത്തി. സീസണിൽ സുഹാർ- സലാല റൂട്ടിൽ 96 സർവീസുകളിലായി 14,000ത്തിലധികം യാത്രക്കാരാണ് സഞ്ചരിച്ചത്.ബാഗ്ദാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് സലാലയിലേക്ക് 40 നേരിട്ടുള്ള സർവീസുകളും നടത്തി. ഇതുവഴി 7,000ത്തിലധികം സീറ്റുകൾ ലഭ്യമാക്കി. ബാഗ്ദാദ്സലാല റൂട്ടിൽ 2,000ത്തിലധികം യാത്രക്കാരാണ് സഞ്ചരിച്ചത്. 2025നെ അപേക്ഷിച്ച് 197 ശതമാനം വർധനയാണിത്.പുതുതായി ആരംഭിച്ച ദമ്മാം- സലാല സർവീസിൽ 26 വിമാനങ്ങളിലായി 4,000ത്തിലധികം യാത്രക്കാരും സഞ്ചരിച്ചു. ഖരീഫ് സീസണിലെ വളർച്ചയുടെ പശ്ചാത്തലത്തിൽ സലാലയിൽ സലാം എയറിന്റെ ആദ്യ വിമാനത്താവള ബേസ് സ്ഥാപിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനം മുതൽ സലാലയിൽ നിന്ന് ജിദ്ദ, ചട്ടോഗ്രാം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനും സലാം എയർ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ ദോഫാറിലേക്കുള്ള വർഷം മുഴുവൻ അന്താരാഷ്ട്ര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം വിനോദസഞ്ചാര, സാമ്പത്തിക മേഖലകളുടെ വളർച്ചയ്ക്കും കൂടുതൽ പിന്തുണ നൽകാനാകുമെന്നാണ് വിലയിരുത്തൽ.