ഒമാനിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ!വധശിക്ഷ മുതൽ ജീവപര്യന്തം വരെ കടുത്ത ശിക്ഷ; 60,000 റിയാൽ വരെ പിഴമസ്കത്ത് | മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, കൈവശംവെക്കൽ, വിതരണം, വ്യക്തിഗത ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ഒമാനിൽ പ്രാബല്യത്തിൽ വന്നു.രാജകീയ ഉത്തരവ് പ്രകാരമാണ് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്ന പുതിയ നിയമം പുറത്തിറക്കിയത്. ഗുരുതരമായ ചില കേസുകളിൽ വധശിക്ഷയും ജീവപര്യന്തം തടവും ഉൾപ്പെടെയുള്ള ശിക്ഷകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.60,000 ഒമാനി റിയാൽ വരെ പിഴമയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ വിതരണം ചെയ്യുന്നതിനായി ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപ്പാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവിനൊപ്പം 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴ ചുമത്താം.വിതരണത്തിനായി മയക്കുമരുന്ന് കടത്തുന്ന ചില ഗുരുതര സാഹചര്യങ്ങളിൽ വധശിക്ഷ വരെ ലഭിക്കാം. കുറ്റം ആവർത്തിക്കുക, ഔദ്യോഗിക അധികാരമോ ലൈസൻസോ നിയമപരമായ പരിരക്ഷയോ ദുരുപയോഗം ചെയ്യുക, നിയമപരമായ ശേഷിയില്ലാത്തതോ കുറഞ്ഞ ശേഷിയുള്ളതോ ആയ വ്യക്തികളെ ഉപയോഗപ്പെടുത്തുക, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി സഹകരിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.കടത്ത് ലക്ഷ്യമിട്ടുള്ള കൈവശംവെക്കൽകടത്ത് ലക്ഷ്യമിട്ട് മയക്കുമരുന്ന് കൈവശംവെക്കുക, കൊണ്ടുപോകുക, വിൽക്കുക, കൈമാറുക, വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും ലഭിക്കും.വിദ്യാഭ്യാസ, സാംസ്കാരിക, കായിക സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ക്യാമ്പുകൾ, ജയിലുകൾ തുടങ്ങിയ സംരക്ഷിത മേഖലകളിലോ അവയുടെ പരിസരത്തോ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നാൽ ശിക്ഷ ജീവപര്യന്തം തടവ് വരെ ഉയരാം.വ്യക്തിഗത ഉപയോഗത്തിനും ശിക്ഷവ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ കൈവശംവെക്കുക, സ്വന്തമാക്കുക, വാങ്ങുക, ഉൽപ്പാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 5,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കും.ചികിത്സയ്ക്കും പുനരധിവാസത്തിനും അവസരംമയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനും പുതിയ നിയമം അവസരം നൽകുന്നു. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, തടവിന് പകരം കോടതിക്ക് ഇവരെ പുനരധിവാസ കേന്ദ്രങ്ങളിലേക്കോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റാൻ ഉത്തരവിടാം. പുനരധിവാസ കാലയളവ് ആറ് മാസം മുതൽ ഒരു വർഷം വരെ ആയിരിക്കും.ചികിത്സയ്ക്കായി സ്വമേധയാ അധികൃതരെ സമീപിക്കുന്ന മയക്കുമരുന്ന് ഉപയോക്താവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ല. നിയമത്തിൽ അംഗീകരിച്ച അടുത്ത ബന്ധു ചികിത്സയ്ക്കായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന സാഹചര്യത്തിലും ക്രിമിനൽ കേസ് ചുമത്തുന്നതിൽ നിന്ന് സംരക്ഷണം ലഭിക്കും.റോയൽ ഡിക്രി പ്രകാരം നിലവിലുണ്ടായിരുന്ന പഴയ മയക്കുമരുന്ന് വിരുദ്ധ നിയമം റദ്ദാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.