ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയെയും എതിരേ വന്ന മറ്റൊരു ബൈക്കിനെയും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. മണ്ണഞ്ചേരി നരിയില്‍ സുധീറിന്റെ മകൻ മുഹമ്മദ് സബീല്‍ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവരാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മണ്ണഞ്ചേരി ഷാനവാസിന്റെ മകൻ ഷിജാസ് (19) ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
ആലപ്പുഴ – തണ്ണീർമുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കോളഭാഗം ‘സൂര്യോദയം’ വീട്ടില്‍ കെ.ബി. പ്രമോദിന്റെ വീട്ടുമുറ്റത്തുനിന്ന് ഹാൻഡില്‍ ലോക്ക് തകർത്ത് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അമിതവേഗതയില്‍ തെറ്റായ ദിശയിലൂടെ വന്ന ബൈക്ക് റോഡിലുണ്ടായിരുന്ന തെരുവുനായയെ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് 50 മീറ്ററോളം തെന്നിനീങ്ങി എതിർദിശയില്‍ വന്ന റിജോ ജോണ്‍സണ്‍, അക്ഷയ് വിൻസന്റ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ റിജോയ്ക്കും അക്ഷയിനും പരുക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയടിച്ചുവീണ സബീലും റിൻഷാദും തല്‍ക്ഷണം മരിച്ചു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ നോർത്ത് പൊലിസും അഗ്നിരക്ഷാസേനയും ചേർന്നാണ് പരുക്കേറ്റ ഷിജാസിനെ ആശുപത്രിയിലാക്കിയത്. റിജോ നല്‍കിയ പരാതിയില്‍ നോർത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച സബീലിന്റെയും റിൻഷാദിന്റെയും ഖബറടക്കം ഇന്ന് വൈകിട്ട് മണ്ണഞ്ചേരിയിലെ വിവിധ മഹല്ല് ഖബർസ്ഥാനുകളില്‍ നടന്നു.
