പ്രവാസികളുടെ ശ്രദ്ധയ്ക്ക്! യാത്രയ്‌ക്ക് മുമ്പ് ഭക്ഷ്യവസ്തുക്കളുടെ ചേരുവകൾ പരിശോധിക്കൂ; ഒമാനിൽ കർശന പരിശോധനമസ്‌കത്ത്: വിദേശരാജ്യങ്ങളില്‍ നിന്ന് മധുരപലഹാരങ്ങളോ പരമ്പരാഗത ഭക്ഷ്യവസ്തുക്കളോ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കൊണ്ടുവരുന്ന യാത്രക്കാര്‍ അവയിലെ ചേരുവകള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഒമാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ചില രാജ്യങ്ങളില്‍ നിയമപരമായി ഉപയോഗിക്കുന്ന ചേരുവകള്‍ മറ്റുചില രാജ്യങ്ങളില്‍ നിരോധിതമോ കര്‍ശന നിയന്ത്രണവിധേയമോ ആയിരിക്കാമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.ജൂലൈ 23-ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോപ്പി വിത്തുകള്‍ (ഖുസ് ഖുസ്/പോസ്ത ദാന/ഗസഗസെ) അടങ്ങിയ ഇന്ത്യന്‍ പരമ്പരാഗത മധുരപലഹാരവുമായി ഒരു ഇന്ത്യന്‍ പ്രവാസി പിടിയിലായ സംഭവത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന പോപ്പി വിത്തുകള്‍ മധുരപലഹാരങ്ങള്‍, ഹല്‍വ, കറികള്‍ തുടങ്ങിയവയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഒമാനും ചില ജി.സി.സി. രാജ്യങ്ങളും ഇവയ്ക്ക് നിരോധനമോ കര്‍ശന നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.റോയല്‍ ഒമാന്‍ പോലീസിന്റെ വിവരമനുസരിച്ച്, പോപ്പി വിത്തുകള്‍ നിരോധിത മയക്കുമരുന്ന് വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ഇവ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്താല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.സംഭവം രാജ്യാന്തര യാത്രകളില്‍ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്നതിന് മുമ്പ് ലക്ഷ്യരാജ്യത്തിന്റെ കസ്റ്റംസ് നിയമങ്ങള്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓര്‍മിപ്പിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.വേനല്‍ക്കാല യാത്രകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, യാത്രയ്ക്ക് മുമ്പ് ലഗേജും ഭക്ഷ്യവസ്തുക്കളും പരിശോധിച്ച് ലക്ഷ്യരാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഒമാന്‍ കസ്റ്റംസ് നിര്‍ദേശിച്ചു. ഇങ്ങനെ മുന്‍കൂട്ടി ശ്രദ്ധിച്ചാല്‍ സാധനങ്ങള്‍ പിടിച്ചെടുക്കല്‍, പിഴ, തടങ്കല്‍ ഉള്‍പ്പെടെയുള്ള നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു