മസ്‌കത്ത്: നാല് മണിക്കൂറിലധികം ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഡീപ് വെയിൻ ത്രോംബോസിസ് (DVT) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രാ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ നിർദേശത്തിൽ, കാലുകളിലെ ആഴത്തിലുള്ള സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോസിസ് എന്നും, ചില സന്ദർഭങ്ങളിൽ ഈ രക്തക്കട്ട ശ്വാസകോശത്തിലേക്ക് എത്തി പൾമണറി എംബോളിസം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദീർഘനേരം ഒരേ നിലയിൽ അനങ്ങാതെ ഇരിക്കുന്നത്, പ്രത്യേകിച്ച് ദീർഘദൂര വിമാനയാത്രകളിൽ, ഈ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ:
- നാല് മണിക്കൂറോ അതിലധികമോ ദൈർഘ്യമുള്ള വിമാനയാത്ര
- മുമ്പ് രക്തം കട്ടപിടിച്ചിട്ടുള്ള ചരിത്രം
- ഗർഭകാലവും പ്രസവാനന്തര കാലവും
- ജനിതകമായി രക്തം കട്ടപിടിക്കാനുള്ള പ്രവണത
- ഉയർന്ന പ്രായം
- അമിതവണ്ണം
യാത്രയ്ക്കിടെ പാലിക്കേണ്ട മുൻകരുതലുകൾ:
- ഓരോ മണിക്കൂറിലും ഒരിക്കലെങ്കിലും എഴുന്നേറ്റ് നടക്കുകയോ ലളിതമായ കാലുകളുടെ വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യുക.
- ആവശ്യത്തിന് വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
- ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക.
- അപകടസാധ്യതയുള്ളവർ യാത്രയ്ക്ക് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.
ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവർ ദീർഘദൂര വിമാനയാത്രയ്ക്ക് മുമ്പ് ആവശ്യമായ വൈദ്യോപദേശം തേടുന്നത് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.