ദോഹ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്കും ആഗോള ഊർജവിതരണത്തിനും നേരെയുള്ള ഗുരുതര ഭീഷണിയാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്നും, ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുന്നത് മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമാധാനവും പ്രാദേശിക സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുമെന്നും ഖത്തർ ചൂണ്ടിക്കാട്ടി.
പ്രാദേശിക സുരക്ഷയെ ബാധിക്കുന്ന എല്ലാ നടപടികളും ഉടൻ അവസാനിപ്പിക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെയും ആഗോള ഊർജവിതരണത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയും, അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ഉം പൂർണമായി പാലിക്കുകയും, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.